ഇന്ന് നിശബ്ദ പ്രചാരണം; കർണ്ണാടക നാളെ വിധിയെഴുതും; ജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 9, 2023

ബെംഗലുരു:കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശത്തേരിലേറി കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണത്തിന് ഇന്നലെയായിരുന്നു സമാപനം. നാളെ കർണ്ണാടക വിധിയെഴുതും. പ്രചരണം അവസാനിച്ചതോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്.
നാൽപ്പത് ദിവസത്തോളം നീണ്ട് നിന്ന പ്രചരണം. പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിച്ചു. മുഴുവൻ ആയുധങ്ങളും എടുത്താണ് കോൺഗ്രസും ബി.ജെ.പിയും പ്രചരണം നയിച്ചത്.പ്രധാന ദേശീയ നേതാക്കൾ എല്ലാം ഇരു പാർട്ടികൾക്കും വേണ്ടി പ്രചരണം നയിക്കാൻ എത്തി.കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചരണ രംഗത്ത് സജീവമായിരുന്നു. സർക്കാറിനെതിരായ അഴിമതി ആരോപണങ്ങളും ബി.ജെ.പിയുടെ വർഗ്ഗീയതയും ഉയർത്തി കാണിച്ചാണ് കോൺഗ്രസ് പ്രചരണം മുന്നേറിയത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ വർഗ്ഗീയത ആളിക്കത്തിച്ച് വോട്ടാക്കാനുള്ള ശ്രമമാണ് ബി.ജെപി നടത്തിയത്.

ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട സർവ്വെ ഫലങ്ങൾ എല്ലാം കോൺഗ്രസിന് അനുകൂലമാണ്. ഇതാണ് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്നതും. എണ്ണയിട്ട യന്ത്രം കണക്കെയായിരുന്നു കോൺഗ്രസ് പ്രചരണം മുന്നോട്ട് പോയത്. പ്രചരണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും മേൽകൈ നേടിയതും കോൺഗ്രസ് തന്നെയായിരുന്നു. ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കർണ്ണാടക കൈവിടുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി ക്യാമ്പ്. പ്രചരണത്തിൻ്റെ അവസാന ദിവസം സ്ഥാനാർത്ഥികൾ എല്ലാം മണ്ഡലങ്ങളിൽ വീടുകൾ കയറി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. കേരളത്തിലേത് പോലുള്ള വലിയ പ്രകടനങ്ങൾ ഒന്നും തന്നെ എവിടയും ഉണ്ടായിരുന്നില്ല. മൈസൂർ മേഖലയിൽ മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും ജെ.ഡി.എസ്സും തമ്മിൽ ത്രികോണ മത്സരം നടക്കുന്നത്. ബാക്കി ഇടങ്ങളിൽ എല്ലാം കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ്. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിന് ശേഷം കർണ്ണാടക പോളിംഗ് ബൂത്തിലേക്ക്. കന്നഡ മണ്ണ് കരം പിടിക്കുമോ അതോ താമര വിരിയുമോ എന്ന് മെയ് പതിമൂന്നിന് അറിയാം.