ഗവർണർ ഒപ്പിട്ടു ; തദ്ദേശ വാർഡ് വിഭജന ബില്ല് നിയമമായി

Jaihind News Bureau
Tuesday, February 18, 2020

തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരും ഗവർണറുമായി അവിശുദ്ധ ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കൂടുതൽ ബലപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാർ മുമ്പ് ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചിരുന്നു. തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്.

ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു. എന്നാൽ  മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ വായിച്ചത് പോലെ ഇത്തവണയും ഗവർണർ നിലപാട് മാറ്റി. സർക്കാരിന് അനുകൂലമായി മുൻപ് ഒപ്പിടാതെ മടക്കി അയച്ച വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തമായ തീരുമാനം വന്നിട്ടില്ല. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് അനിശ്ചിതകാലമായി നീണ്ടുപോകുമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ഇതോടെ കൂടുതൽ ശക്തമായി.