പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നാമമാത്രമായ വകുപ്പുതല നടപടി മാത്രം. സംഭവത്തില്‍ ഉള്‍പ്പെട്ട കോളേജ് ഡീന്‍ എം.കെ. നാരായണനെ ഡീന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്റെ സ്ഥാനക്കയറ്റം രണ്ട് വര്‍ഷത്തേക്ക് തടഞ്ഞുവെയ്ക്കുകയും ചെയ്യാനാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളേജ് ഡീനിനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനുമെതിരെ മൂന്ന് മാസത്തിനകം വകുപ്പുതല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 25-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തിനകം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്ന എം.കെ. നാരായണനെ ഡീന്‍ സ്ഥാനത്തുനിന്ന് മാറ്റിയത് പേരിനുള്ള നടപടിയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 22-ന് അദ്ദേഹത്തിന്റെ ഡീന്‍ സ്ഥാനത്തേക്കുള്ള നിയമന കാലാവധി അവസാനിച്ചിട്ടും, ഇപ്പോഴത്തെ തീരുമാനം ശിക്ഷാ നടപടിയായി അവതരിപ്പിച്ചതിനെതിരെയും ആക്ഷേപമുണ്ട്.
സാധാരണയായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥന്റെ സ്ഥാനക്കയറ്റം രണ്ട് വര്‍ഷത്തേക്ക് തടഞ്ഞുവെച്ചതും മൃദുസമീപനമായി വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ നേരത്തെ ആഭ്യന്തര അന്വേഷണ സമിതി ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായുള്ള തീരുമാനമാണ് വകുപ്പ് തലത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.