സിദ്ധാർത്ഥന്‍റെ മരണം: പൂക്കോട് സർവകലാശാലയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്; പോലീസ് നടപടിയില്‍ പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Saturday, March 2, 2024

 

മാനന്തവാടി: എസ്എഫ്ഐ പ്രവർത്തകരുടെ പരസ്യവിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും പിന്നാലെ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പൂക്കോട് സർവകലാശാലയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജില്‍ പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ പരിക്കേറ്റ കെഎസ്‍യു പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി.

കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സർവകലാശാലയുടെ പ്രവേശന കവാടത്തിൽവച്ച് മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തി. പോലീസ് പ്രതിരോധത്തെയും മറികടന്ന് പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കടന്നും പ്രതിഷേധമുയർത്തി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെഎസ്‍യു പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പോലീസ് ബാരിക്കേഡിനെ മറികടക്കാന്‍ ശ്രമിക്കവെ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരന്‍ ചിത്രം പകർത്താന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് വഴി തെളിച്ചു.  ഇതിനു പിന്നാലെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിനുള്ളിലേക്ക് കയറി പ്രതിഷേധിച്ചു.

കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിന് ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. എസ്എഫ്ഐ പീഡനത്തിനൊടുവിലാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം പുരോഗമിക്കുകയാണ്. ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ നേതാക്കളും യൂത്ത് കോണ്‍ഗ്രസ്  ഉപവാസ സമരത്തില്‍ അണിചേർന്നു.