തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്‌ഷൻ ഓഫിസർ ബിന്ദു, അസിസ്റ്റന്‍റ് അഞ്ജു എന്നിവർക്കാണ് സസ്പെൻഷൻ. പെർഫോമ റിപ്പോർട്ട് സിബിഐക്ക് കെെമാറാന്‍ വൈകിയതിലാണ് നടപടി.
പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്‍റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതുവരെയുള്ള എല്ലാ അന്വേഷണ രേഖകളും കെെമാറാന്‍ ആണ് തീരുമാനം. രേഖകള്‍ കെെമാറാത്തതിനാല്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നില്ല. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ആശങ്കയുള്ളതായി പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു.