സിദ്ധാര്‍ത്ഥ‍ന്‍റെ കൊലപാതകം; സിബിഐ അന്വേഷിക്കണം, അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കോണ്‍ഗ്രസ് പോഷക സംഘടനകള്‍

Jaihind Webdesk
Monday, March 4, 2024

തിരുവനന്തപുരം: സിദ്ധാര്‍ത്ഥ‍ന്‍റെ കൊലപാതകത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലും , മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ഡീനേയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ചുവിട്ടു കേസിൽ പ്രതി ആക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.

സിദ്ധാർത്ഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കുക. പൂക്കോട് വെറ്റിനറി സർവകലാശാല ഡിനേയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ച് വിട്ട് കേസിൽ പ്രതി ആക്കുക. എസ്എഫ്ഐയുടെ ആക്രമ രാഷ്ട്രീയത്തിന് അറുതിവരുത്തുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസിന്‍റെ പോഷക സംഘടനാധ്യക്ഷന്മാർ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചത്.  എന്ത് വൃത്തികേടും കാണിക്കുവാൻ മുഖ്യമന്ത്രി ആർക്കും കുടപിടിക്കുമെന്നും ക്രിമിനൽ മനസ്സുള്ള ഒരു മുഖ്യമന്ത്രി നാട് ഭരിക്കുമ്പോൾ ഈ കേസിൽ നീതി ലഭിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി.

സംഭവത്തിൽ ഡീന്ന് മുഖ്യപങ്കാണ് ഉള്ളതെന്നും ഇദ്ദേഹത്തെ പുറത്താക്കി പ്രതിയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ പാർട്ടി ഗ്രാമങ്ങളാക്കി മാറ്റുകയാണെന്നും ഇവിടെ റെയ്ഡ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ കലാപ രാഷ്ട്രീയത്തിൽ കേരളത്തിലെ മാതൃഹൃദയങ്ങൾ വിങ്ങുകയാണെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എം പി പറഞ്ഞു.

സിദ്ധാർത്ഥന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണസിരാകേന്ദ്രത്തിനു മുന്നിൽ കോൺഗ്രസിന്റെ 3 പോഷക സംഘടനാ ധ്യക്ഷന്മാർ സംയുക്തമായി നീതി തേടി നിരാഹാര സമരം അനുഷ്ഠിക്കുന്നത്.