നോവായി സിദ്ധാർത്ഥന്‍; മുഴുവന്‍ പ്രതികളും പിടിയില്‍

Jaihind Webdesk
Saturday, March 2, 2024

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. സിഞ്ചോ ജോൺസൺ, ആസിഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിലെ 18 പ്രതികളും ഇതോടെ പിടിയിലായി.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ 18 പ്രതികളും പോലീസ് പിടിയിലായി. അതേസമയം കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് ഇവര്‍ക്കെതിരെയുള്ള നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

അതേസമയം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്‍റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. റാഗിങ് വിരുദ്ധ സമിതിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്‍റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.