സിദ്ധാര്‍ത്ഥന്‍റെ മരണം; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്, നീതി തേടി കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

Jaihind Webdesk
Saturday, March 9, 2024

വയനാട് : വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. സിന്‍ജോ, കാശിനാഥന്‍, അമീര്‍ അക്ബര്‍ അലി, അരുണ്‍, അമല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. തുടരന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം ഡിജിറ്റല്‍ തെളിവുകള്‍ തേടയിരിക്കുകയാണ് പോലീസ്. 18 പ്രതികളുടെയും ഫോണുകള്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ ഫോണില്‍ സിദ്ധാർത്ഥനെ മർദിക്കുന്ന ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. മരണ ശേഷം പ്രതികള്‍ അയച്ച സന്ദേശങ്ങളും പരിശോധിക്കും. സിദ്ധാർത്ഥന്‍റേത് കൊലപാതകമാണെന്ന കുടുംബത്തിന്‍റെ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്‍റെ  തീരുമാനം. അതേസമയം സിദ്ധാർത്ഥന്‍റെ മരണത്തില്‍ നീതി തേടി കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് അവശ്യപ്പെടാനാണ് തീരുമാനം.