സിദ്ധരാമയ്യ “ബസ് കണ്ടക്ടറാ”കും; ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനം നാളെ

Jaihind Webdesk
Saturday, June 10, 2023

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനമാണ് നാളെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതിയുടെ ഭാഗമായി ബിഎംടിസി ബസില്‍ സിദ്ധരാമയ്യ സൗജന്യ ടിക്കറ്റ് നല്‍കും. ഇതോടെ നാളെ മുതല്‍ കര്‍ണാടയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

നാളെ രാവിലെ 11 മണിക്ക് മജസ്റ്റിക് ബസ് സ്റ്റേഷനില്‍ വെച്ച് പിങ്ക് ടിക്കറ്റ്സ്’ സ്ത്രീകള്‍ക്ക് വിതരണം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മജസ്റ്റിക് മുതല്‍ വിധാന സൗദവരെ 4 കിലോമീറ്റര്‍ സിദ്ധരാമയ്യ ഈ ബസില്‍ കണ്ടക്ടറായി യാത്ര ചെയ്യുകയും ചെയ്യും. സൗജന്യ യാത്ര ലഭ്യമാക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ത്രീകള്‍ ക യ്യില്‍ കരുതണം. ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം സ്ത്രീകളും പദ്ധതിയുടെ ഭാഗമാകും.

അതോടൊപ്പം സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയ്ക്കായുള്ള ശക്തി സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി ആരംഭിച്ച് മൂന്ന് മാസം കഴിയുമ്പോഴേക്കും എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്രയ്ക്കായുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും.
സ്ത്രീകള്‍ക്കായുള്ള ഈ ആനുകൂല്യം സംസ്ഥാനത്തെ എല്ലായിടത്തും നടപ്പിലാകുന്നുണ്ടോ എന്നകാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ മന്ത്രിമാരും നിയമസഭാംഗങ്ങളുമാണ് പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ഓരോന്നായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍.

ജാതി മത ഭേതമില്ലാതെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെ ഉള്ളവര്‍ക്കും ദൈനംദിന ജോലിയില്‍ ബസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്കും വലിയ സഹായമാണെന്നാണ് പൊതു വിലയിരുത്തല്‍.