കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കും; മുന്‍ ബിജെപി സര്‍ക്കാരിന്‍റെ വിവാദ നിയമങ്ങള്‍ അവസാനിപ്പിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

Jaihind Webdesk
Thursday, June 15, 2023

ബംഗളുരു: കര്‍ണാടകത്തില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന നിര്‍ണായക ബില്ലുകളില്‍ ഒന്നാണ് മതപരിവര്‍ത്തന നിരോധന നിയമം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ട് വരുമെന്ന് അറിയിച്ചു.

അതോടൊപ്പം മുന്‍ ബിജെപി സര്‍ക്കാര്‍ കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയതായി ചേര്‍ത്ത പാഠഭാഗങ്ങള്‍ പിന്‍വലിക്കാനും സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു.
സവര്‍ക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആര്‍എസ്എസ് ചിന്തകന്‍ ചക്രവര്‍ത്തി സുലബിയെക്കുറിച്ചുമുള്ള പാഠവും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന നിര്‍ദേശവും പുതിയ സര്‍ക്കാര്‍ നടപ്പാക്കും.