
ടിക്കറ്റ് തുക നൽകാൻ വൈകിയെന്ന കാരണത്താൽ രോഗിയായ യുവതിയെ രാത്രി ഒമ്പതു മണിയോടെ വിജനമായ സ്ഥലത്ത് ബസിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കിവിട്ട കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വെള്ളറട ഡിപ്പോയിലെ എം-പാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെതിരെയാണ് കെഎസ്ആർടിസി അടിയന്തര നടപടി സ്വീകരിച്ചത്. ഡിസംബർ 26 വെള്ളിയാഴ്ച രാത്രി കളിയിക്കാവിള-വെള്ളറട റൂട്ടിലോടുന്ന ബസിലായിരുന്നു മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്.
വെള്ളറട കോട്ടയം വിളാകം സ്വദേശിനി എസ്. ദിവ്യയ്ക്കാണ് ബസിനുള്ളിൽ അധിക്ഷേപവും ദുരനുഭവവും നേരിടേണ്ടി വന്നത്. കുന്നത്തുകാലിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ, അസുഖം ബാധിച്ചതിനെത്തുടർന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാരക്കോണത്ത് നിന്നും ബസ്സിൽ കയറിയ ദിവ്യയ്ക്ക് തന്റെ പഴ്‌സ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഗൂഗിൾ പേ വഴി ടിക്കറ്റ് തുക നൽകാൻ ശ്രമിച്ചെങ്കിലും മൊബൈൽ റേഞ്ച് കുറവായതിനാൽ പണം കൈമാറുന്നതിൽ കാലതാമസമുണ്ടായി.
വെള്ളറടയിൽ എത്തുമ്പോൾ പണം സംഘടിപ്പിച്ചു നൽകാമെന്ന് ദിവ്യ അഭ്യർത്ഥിച്ചെങ്കിലും കണ്ടക്ടർ അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. യാത്രക്കാരുടെ മുന്നിൽ വെച്ച് യുവതിയെ അധിക്ഷേപിച്ച കണ്ടക്ടർ, രാത്രി 9.10-ഓടെ തോലടിക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് ഇവരെ ഇറക്കിവിടുകയായിരുന്നു. ഭയന്നുപോയ യുവതി വിവരമറിയിച്ചതിനെത്തുടർന്ന്, രണ്ട് ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ഭർത്താവ് ബൈക്കിലെത്തിയാണ് ഇവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
യുവതി എടിഒയ്ക്ക് നൽകിയ പരാതിയെത്തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അടിയന്തരമായി പിരിച്ചുവിട്ടത്. എന്നാൽ, അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നും യുവതി ബസിൽ കയറിയിട്ടില്ലെന്നുമാണ് കണ്ടക്ടർ അനിൽകുമാർ നൽകുന്ന വിശദീകരണം.