ഷുക്കൂർ വധക്കേസ്: കുറ്റവാളികൾ എത്ര ഉന്നതരായാലും ഇരുമ്പഴികൾക്കുള്ളിൽ അടയ്ക്കണം; സിപിഎമ്മിന്‍റെ പങ്ക് പുറത്ത് വന്നു, രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 19, 2024

 

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസിലെ കോടതി വിധിയോടെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിനുള്ള പങ്ക് ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള കാടന്‍ ഗോത്രബോധത്തിന്‍റെ പക നിറഞ്ഞ മനസാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനുള്ളത് എന്ന് കോടതിക്കു പോലും ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി. ജയരാജയനെയും ടി.വി. രാജേഷിനെയും ഒഴിവാക്കാനാവില്ലെന്ന കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ എത്ര ഉന്നതരായാലും ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കുക തന്നെ വേണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാസറകോട്ടെ ഊര്‍സ്വലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഉന്നതരായ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെടും എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. നേതാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും അണികളെ പ്രതികളായി വിട്ടുകൊടുത്ത് സ്വന്തം തടിയൂരുകയും ചെയ്യുന്ന പ്രവണത ശക്തമായ കോടതി ഇടപെടലോടെ അവസാനിച്ചാല്‍ സിപിഎം നേതൃത്വം നല്‍കുന്ന ഈ കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് കേരളം ഏറെക്കുറെ മുക്തി നേടുമെന്നും ചെന്നിത്തല പറഞ്ഞു.