ഓർമ്മയില്‍ ജ്വലിച്ച് ഷുഹൈബ് ; നീതിക്കായുള്ള പോരാട്ടം തുടർന്ന് കുടുംബം

Jaihind News Bureau
Friday, February 12, 2021

 

കണ്ണൂർ : മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് സിപിഎം പ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് മൂന്ന് വർഷം. ഡിവൈഎഫ്ഐ പ്രവർത്തകനായ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടന്ന കൊലപാതകം നടന്ന് മൂന്ന് വർഷമായിട്ടും ഷുഹൈബിന്‍റെ കുടുംബത്തിന് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. കുടുംബത്തിന് നീതി കിട്ടിയില്ലെന്ന്  പിതാവ് മുഹമ്മദ് പറഞ്ഞു. കേസന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ തടയിടുന്നതെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

2018 ഫെബ്രുവരി 12നാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകനായ ആകാശ് തില്ലങ്കേരി ഉൾപ്പടെയുളള പ്രധാന പ്രതികളെ പൊലീസ് പിടികൂടി. എന്നാൽ കൊലപാതകത്തിന്‍റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല.

കേസിന്‍റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നൽകി. തുടർന്ന് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്‍റെ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെ കേസിന്‍റെ വിചാരണ നടത്താൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയെങ്കിലും ഹൈക്കോടതി  സ്റ്റേ ചെയ്തു. ഷുഹൈബ് ഓർമ്മയായിട്ട് മൂന്ന് വർഷം തികയുമ്പോൾ നീതി ലഭിക്കാത്തതിന്‍റെ ദുഃഖത്തിലാണ്  കുടുംബം. മൂന്ന് വർഷമായിട്ടും നീതി കിട്ടിയില്ലെന്ന്  പിതാവ് മുഹമ്മദ് പറഞ്ഞു. അന്വേഷണം സർക്കാർ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കേസ് സി ബി ഐ അന്വേഷിക്കുന്നതിനെ തടയുന്നത്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസന്വേഷണത്തെ തടയുകയാണ്.
പിണറായി  സർക്കാർ മാറിയാൽ നീതി കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു. കോടതിയിൽ പ്രതീക്ഷയുണ്ട്. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും മുഹമ്മദ് പറഞ്ഞു.