ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രാ തീയതിയില്‍ മാറ്റം; ജൂണ്‍ എട്ടിലേക്ക് മാറ്റി

Jaihind News Bureau
Thursday, May 15, 2025

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാവാന്‍ തയ്യാറെടുക്കുന്ന ശുഭാംശു ശുക്ലയുടെ യാത്രാ തീയതിയില്‍ മാറ്റം. മെയ് 29ന് വിക്ഷേപിക്കുമെന്ന് മുമ്പ് തീരുമാനിച്ചിരുന്ന ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ദൗത്യം ജൂണ്‍ എട്ടിലേക്ക് മാറ്റി.

ഫ്‌ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.41 ആക്‌സിയം 4 വിക്ഷേപണം നടത്തും . സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാകും ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ശുഭാംശു ശുക്ലയ്ക്ക് പുറമെ നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. 14 ദിവസം ഇവര്‍ ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്സിയം 4 യാത്രയ്ക്കുണ്ട്.

ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍ എന്നിവരാണ് ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. നാസയും, അമേരിക്കന്‍ സ്വകാര്യ കമ്പനികളായ ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ആയി സഹകരിച്ചാണ് ഇസ്രൊ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ ഭാഗമായാണ് ആക്‌സിയം 4ല്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിക്കുന്നത്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. രണ്ടാഴ്ച നീളുന്ന സ്‌പേസ് സ്റ്റേഷന്‍ വാസത്തിനിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാംശു ശുക്ല മുമ്പ് വ്യക്തമാക്കിയിരുന്നു.