‘ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് കേന്ദ്രകമ്മിറ്റിയില്‍’; വിശദീകരണവുമായി എം.വി.ഗോവിന്ദന്‍

Jaihind News Bureau
Sunday, April 27, 2025

പി.കെ.ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് കേന്ദ്രകമ്മിറ്റിയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രായപരിധി ഇളവ് മഹിള അസോസിയേഷന്‍ അഖിലേന്ത്യ നേതാവെന്ന നിലയിലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.കെ.ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലക്കിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍ അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും പി.കെ ശ്രീമതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നു.