‘വലിഞ്ഞുകയറി വന്നവരല്ല, സിപിഎം മാന്യത കാട്ടിയില്ല’: മുന്നണിയില്‍ പരിഗണന കിട്ടുന്നില്ലെന്ന് ശ്രേയാംസ് കുമാര്‍

Jaihind Webdesk
Wednesday, June 12, 2024

 

കോഴിക്കോട്: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍ പരസ്യമായി പ്രതികരിച്ചു. മുന്നണിയിലെ നാലാമത്തെ കക്ഷിയായിട്ടും രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറായില്ല. വലിഞ്ഞുകയറി വന്നവരല്ല തങ്ങളെന്നും സിപിഎം മാന്യത കാട്ടിയില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.

“രാജ്യസഭാ അംഗത്വവുമായാണ് 2018-ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019-ൽ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024-ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരിൽ മന്ത്രിയാണ്” – ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്. പ്രവർത്തകർ നിരാശരാണ്. നിലവില്‍ എല്‍ഡിഎഫ് വിടുന്ന കാര്യം ആലോചനയിലില്ലെന്നും എം.വി. ശ്രേയാംസ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.