കേരളത്തിന്‍റെ സ്വന്തം പച്ചരി ദൈവം എയറില്‍ ; ‘ശ്രീകിറ്റപ്പന്‍’ എന്ന് നാമകരണം ചെയ്ത് ട്രോളന്മാർ ; പിന്നാലെ ഫ്ലക്സ് നീക്കി സിപിഎം

Jaihind Webdesk
Saturday, July 24, 2021

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച്  സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോർഡ് അവർക്ക് തന്നെ വിനയായി. പിണറായിയെ അന്നം തരുന്ന കേരളത്തിന്‍റെ സ്വന്തം ദൈവം എന്ന് വിശേഷിപ്പിച്ച് മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം സ്ഥാപിപിച്ച ഫ്ലക്സാണ് സമൂഹ മാധ്യമങ്ങളില്‍ സിപിഎമ്മിന് തിരിച്ചടിയായിരുക്കുന്നത്.

വ്യക്തി ആരാധന പാടില്ലെന്നും ദൈവ സങ്കല്‍പ്പങ്ങളില്‍ വിശ്വാസമില്ലന്നും പറയുന്ന  കമ്മ്യൂണിസ്റ്റുകളാണ്  പിണറായി വിജയനെ കേരളത്തിലെ പുതിയ ദൈവമായി കെട്ടിയിറക്കിയത്. ഫ്ലക്സ് ബോർഡ് ശ്രദ്ധയില്‍പ്പെട്ട  വി.ടി ബല്‍റാം പിണറായിയെ പച്ചരി ദൈവമെന്ന് വിശേഷിപ്പിച്ച്  ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ്  സംഭവം ട്രോളന്മാർ  ഏറ്റെടുത്തത്.

പച്ചരി ദൈവത്തെ ‘ശ്രീകിറ്റപ്പന്‍’ എന്നാക്കി അമ്പലവും രസകരമായ വഴിപാടുകള്‍ വരെ കിറ്റപ്പന്‍ കമ്മിറ്റി പ്രസിദ്ധീകരിച്ചു. പരിപ്പുവട അർച്ചന, ദിനേശ് ബീഡിയും വിളക്കും , വടിവാള്‍ ഹോമം, കട്ടന്‍ചായ  നിവേദ്യം, സ്റ്റീല്‍ ബോംബ് നിവേദ്യം തുടങ്ങിയ വഴിപാടുകളും അതിനൊപ്പം  ദൈവീക ചിഹ്നങ്ങളായ ഓം, കുരിശ് , ചന്ദ്രക്കല എന്നിവയ്ക്കൊപ്പം അരിവാള്‍ ചുറ്റിക കൂട്ടിച്ചേർത്തതും ആസ്വാദകരില്‍ ചിരി പടർത്തി. സംഭവം നാണക്കേടായെന്ന് തിരിച്ചറിഞ്ഞടോടെ പിണറായി ഭക്തർ ഫ്ലക്സ് ബോർഡ് പ്രതിഷ്ഠ തല്‍സ്ഥാനത്ത് നിന്ന് നീക്കി.