VEENA GEORGE| ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോാട്ടീസ്: പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള സ്വാഭാവിക നടപടി മാത്രമെന്ന് വീണാ ജോര്‍ജ്

Jaihind News Bureau
Friday, August 1, 2025

ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടി മാത്രമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ശുപാര്‍ശകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഡോ. ഹാരിസ് നേരത്തെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും കത്തുകള്‍ നല്‍കിയിരുന്നു. ഈ കത്തുകളില്‍ മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഉപകരണങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കത്തുകള്‍ കഴിഞ്ഞ മാര്‍ച്ചിലും ജൂണിലുമാണ് നല്‍കിയത്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കേണ്ടി വന്നതെന്ന് ഡോ. ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നോട്ടീസിനെതിരെ രംഗത്തെത്തി. നോട്ടീസ് നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുണ്ടെന്നും, എന്നാല്‍ ഇതിനപ്പുറം ഡോ. ഹാരിസിനെതിരെ എന്തെങ്കിലും നടപടിയുണ്ടായാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, ശസ്ത്രക്രിയക്ക് ഉപയോഗിച്ചത് മറ്റൊരു ഡോക്ടര്‍ സ്വന്തം നിലയില്‍ വാങ്ങി വെച്ചിരുന്ന ഉപകരണമാണെന്നാണ് ഡോ. ഹാരിസിന്റെ മറുപടി. അദ്ദേഹം തെളിവുകള്‍ സഹിതം ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസിനെതിരെ നടപടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും, അതിനാല്‍ സാങ്കേതിക നടപടിയുടെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ഡോ. ഹാരിസിന്റെ മറുപടി ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കുക.