ഡോക്ടര്‍മാരുടെയും മരുന്നിന്‍റെയും ക്ഷാമം പരിഹരിക്കണം: കെ. സി. വേണുഗോപാല്‍ എംപി

 

ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികള്‍ എത്രയും വേഗം നികത്താനും മരുന്ന് ക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനസ്തേഷ്യ, റേഡിയോ ഡയഗ്‌നോസിസ് വിഭാഗങ്ങളിലാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ളത്. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. എന്നാല്‍ ഒഴിവുകള്‍ നികത്തുന്നില്ലെന്നാ മാത്രമല്ല പകരം ആളെ നിയമിക്കാതെ ഡോക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കുകയും ചെയ്യുന്ന സ്ഥിതിയാണ്. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതില്‍ ഗവണ്‍മെന്‍റ് ഇടപെടണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

യോഗത്തില്‍ മെഡിക്കല്‍ കോളേജിന്‍റെ അടിസ്ഥാന സൗകര്യ വിസകനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തതായും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനും ആവശ്യമുള്ള മെയിന്‍റെനന്‍സ് നടപ്പിലാക്കാനും  തീരുമാനിച്ചതായും കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. 2013-ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ മെയിന്‍റെനന്‍സ് സംബന്ധിച്ച് പിഡബ്ല്യുഡിയുമായി നില നില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. ഗവണ്‍മെന്‍റ് ഓര്‍ഡര്‍ നല്‍കാത്തത് കൊണ്ടുമാത്രം ആശുപത്രികളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി പങ്കെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഗുണകരമായിരുന്നു. അവര്‍ക്ക് പകരം കൃഷിമന്ത്രിയാണ് പങ്കെടുത്തത്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളില്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നതനുസരിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്‍റ് കമ്മിറ്റി കൂടുന്നത് വളരെ വിരളമായിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്‍റ് കമ്മിറ്റി കൂടാന്‍ ധാരണയായിട്ടുണ്ടെന്നും എംപി അറിയിച്ചു.

Comments (0)
Add Comment