‘ഷൊർണൂർ ആർഎംഎസ് ഇൻട്രാ സർക്കിൾ ഹബ്ബായി ഉയർത്തണം’; കേന്ദ്രമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി വി. കെ ശ്രീകണ്ഠൻ എം.പി

Jaihind Webdesk
Wednesday, December 11, 2024

 

ഡൽഹി:  ഷൊർണൂർ ആർഎംഎസിൽ ഇൻട്രാ സർക്കിൾ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ എം.പി കേന്ദ്രമന്ത്രി ജ്യോതി രാധിത്യ സിന്ധ്യയ്ക്ക് നേരിട്ട് നിവേദനം നൽകി. തപാൽ വകുപ്പ് സെക്രട്ടറി വന്ദിതാ കൗളിന് കത്ത് നൽകുകയും ചെയ്തു. ഷൊർണൂർ RMS ന് സ്വന്തമായി ബിൽഡിംഗും, 50 ലധികം ജീവനക്കാരുടെ സേവനം ഉള്ളതിനാലും ഇവിടെ ഇൻട്രാ സർക്കിൾ ഹബ്ബ് സ്ഥാപിക്കു ന്നത് ഉചിതമായിരിക്കുമെന്ന് എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.

ഷൊർണൂർ RMS ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ ആയതുകൊണ്ടുതന്നെ രജിസ്ട്രേഡ് സാമഗ്രികളും, സ്പീഡ് പോസ്റ്റും വളരെ കുറഞ്ഞ സമയം കൊണ്ട് സ്വീകരിച്ച് അതാത് സ്ഥലങ്ങളിൽ എളുപ്പത്തിൽ വിതരണം ചെയ്യുവാൻ സാധിക്കും. ആയതിനാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഷൊർണൂർ RMS അടച്ചുപൂട്ടാനുള്ള നടപടികൾ പിൻവലിക്കണമെന്നും , ഇൻട്രാ സർക്കിൾ ഹബ്ബായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ഷൊർണൂർ കായംകുളം, ചങ്ങനാശ്ശേരി, ആലുവ, ഇരിഞ്ഞാലക്കുട, വടകര, തലശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേ മെയിൽ സർവീസുകൾ നിർത്തലാക്കുവാനുള്ള പോസ്റ്റൽ വകുപ്പിന്‍റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ കെ. സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം ഒപ്പുവെച്ച നിവേദനം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പാർലമെന്‍റിൽ വച്ച് കൈമാറി.

മെയിൽ സർവീസുകളെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും അടിയന്തരമായി പിന്മാറണമെന്നും നിലവിൽ നിർത്തലാക്കുമെന്ന് അറിയിച്ച റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്നവയാണെന്നും പ്രാദേശികമായി അവയ്ക്കെല്ലാം വലിയ പ്രാധാന്യമുണ്ടെന്നുമുള്ള കാര്യം മന്ത്രിയോട് പറഞ്ഞു. എൻ. കെ പ്രേമചന്ദ്രൻ എംപിയും ഒപ്പമുണ്ടായിരുന്നു.