ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ വെടിവെപ്പ്, ഒരു സ്ത്രീക്ക് പരിക്ക്; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

Jaihind Webdesk
Friday, April 21, 2023

 

ന്യൂഡൽഹി: ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ നടന്ന വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. ഡൽഹിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. വക്കീല്‍ വേഷത്തിലെത്തിയ ആള്‍ നാല് റൗണ്ട്‌ വെടിയുതിർത്തതായാണ് റിപ്പോർട്ടുകള്‍. പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണ്.

അതേസമയം ഡല്‍ഹി കോടതി വളപ്പിലുണ്ടാകുന്ന വെടിവെപ്പ് ഇത് ആദ്യത്തെ സംഭവമല്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ വക്കീല്‍ വേഷത്തിലെത്തിയ അക്രമികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കോടതിമുറിക്കുള്ളില്‍ കടന്ന് ഗുണ്ടാനേതാവ് ജിതേന്ദർ മാനിന് നേരെ വെടിയുതിർത്ത അക്രമികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022 ഏപ്രിലിലും രോഹിണി കോടതി വളപ്പില്‍ വെടിവെപ്പ് നടന്നിരുന്നു.