സംസ്ഥാനത്ത് നടപ്പിലാക്കാത്ത കേന്ദ്ര പദ്ധതികളുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണം: ഡോ.ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Friday, August 2, 2019

Sooranad-Rajasekharan-KPCC

കേന്ദ്രത്തില്‍ നിന്ന് നാളിതുവരെയായി കേരളം കൊടുത്ത പദ്ധതികളില്‍ അനുവാദം ലഭിക്കാത്ത പദ്ധതികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ മേല്‍ പ്രളയ സെസ് അടിച്ചേല്‍പിച്ച ദിവസം തന്നെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് റാങ്കോടു കൂടി സമ്പത്തിനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ തോറ്റയാള്‍ക്ക് പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്, ഇലക്ഷന് തോറ്റയാള്‍ക്ക് കാബിനറ്റ് റാങ്ക് ഇതാണ് പിണറായി ഗവണ്‍മെന്‍റിന്‍റെ നയം എന്നും അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ ഐഎഎസ്സുകാരനായ റസിഡന്‍റ് കമ്മീഷണര്‍ ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ വൃന്ദം കേന്ദ്രവുമായുള്ള ഇടപെടലിന് നിലവില്‍ ഉണ്ടെന്നും സംസ്ഥാനത്തിന്‍റെ പൊതുകടം 1.57 കോടിയായും ആളോഹരി കടം 69,500 രൂപയായും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എ.സമ്പത്തിന്‍റെ നിയമനം വരുത്തുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയേറ്റില്‍ കെട്ടികിടക്കുന്ന 1.20 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കാന്‍ തോറ്റ എംപിമാരെ ലെയ്‌സണ്‍ ഓഫീസര്‍മാരായി നിയമിക്കുമോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു