
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പദ്ധതിയില്‍ ഒപ്പുവെച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ നടപടിക്ക് പിന്നിലെ കേന്ദ്ര സമ്മര്‍ദ്ദം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിവരം മുന്നണിയിലോ മന്ത്രിസഭായോഗത്തിലോ ചര്‍ച്ച ചെയ്തില്ല. സംസ്ഥാനത്തെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ കരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സംഘപരിവാര്‍ ആണ്. പത്താം തീയതി നടന്ന കൂടിക്കാഴ്ചയില്‍ എന്തോ നടന്നിട്ടുണ്ടെന്നും അദ്ദേഹം സതീശന്‍ ആരോപിച്ചു. പത്തിന് കൂടിക്കാഴ്ച നടത്തിയ ശേഷം ഒക്ടോബര്‍ 16-ന് പദ്ധതിയില്‍ ഒപ്പുവച്ചുകൊണ്ട് മന്ത്രിസഭാ അംഗങ്ങളെപ്പോലും കബളിപ്പിക്കുകയാണ് ചെയ്തത്. പത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ മാറിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുമ്പോള്‍, വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അതിനാല്‍ ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും, ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാന്‍ കായികമന്ത്രി ശ്രമിച്ചു. മെസ്സി വരില്ലെന്ന് ഉറപ്പായതോടെ ‘ഇനി മെസ്സി ചതിച്ചാശാനേ’ എന്ന് കായികമന്ത്രി പറയുമോ എന്നും അദ്ദേഹം പരിഹസിച്ചു. മെസ്സിയുടെ വരവ് നല്ലതാണെന്ന് ഇപ്പോഴും പറയുന്നുണ്ടെങ്കിലും, എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.