കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന്റെ ഗ്രില്ലിലേക്ക് വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താന്‍ ശ്രമം

Jaihind Webdesk
Thursday, February 7, 2019

വൈദ്യുത ലൈനില്‍ നിന്ന് വീടിന്റെ ഗ്രില്ലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമം. കോണ്‍ഗ്രസ് ഇരിട്ടി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും വ്യാപാരിയുമായ പയഞ്ചേരി പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയുമാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. വീടിന് മുന്നിലെ വൈദ്യുതി ലൈനില്‍ നിന്ന് കേബിള്‍ വഴി വീട്ടുവരാന്തയിലേ ഗ്രില്ലുകളിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഉണര്‍ന്ന് പള്ളിയിലേക്ക് പോകാന്‍ അബ്ദുള്ള കുട്ടി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. വരാന്തയില്‍ കട്ടിയുള്ള മാറ്റ് വിരിച്ചിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് ഗ്രില്ലുകളിലേക്ക് വൈദ്യുതി കടത്തിവിട്ടതായി കണ്ടെത്തിയത്.

ഇരിട്ടി പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ലൈന്‍ ഓഫാക്കി വയറുകള്‍ വിച്ഛേദിച്ചു. ഇവ പോലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.
അബ്ദുള്ളക്കുട്ടിയും ഭാര്യയും രണ്ടുമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരിട്ടി സി.ഐ. രജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമന്ന് ഇരിട്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.