‘ഞെട്ടിക്കല്‍’ തോല്‍വി: കോഴിക്കോട് സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു

Jaihind News Bureau
Saturday, December 13, 2025

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തിനിടയില്‍, എല്‍ഡിഎഫിന് കനത്ത ആഘാതമേകി കോഴിക്കോട് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയറും, ഇത്തവണത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായി സിപിഎം പരിഗണിച്ചിരുന്ന സി.പി. മുസാഫര്‍ അഹമ്മദിന് ഞെട്ടിക്കുന്ന തോല്‍വി. എല്‍ഡിഎഫിന്റെ അഭിമാന പോരാട്ടമായി കണക്കാക്കിയിരുന്ന 39-ാം വാര്‍ഡായ മീഞ്ചന്തയില്‍ നിന്നാണ് മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എസ്.കെ. അബൂബക്കറാണ് വിജയിച്ചത്. നിലവില്‍ വലിയങ്ങാടി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലറാണ് അബൂബക്കര്‍.

മീഞ്ചന്ത വാര്‍ഡിലെ മുസാഫര്‍ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന് അഭിമാന പോരാട്ടമായിരുന്നു. കോഴിക്കോട് സൗത്തിലെ മുന്‍ എം.എല്‍.എയായിരുന്ന സി.പി. കുഞ്ഞുവിന്റെ മകന്‍ കൂടിയായ മുസാഫര്‍ കഴിഞ്ഞ തവണയും നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. വാര്‍ഡ് വിഭജനത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന കണക്കുകൂട്ടല്‍. 2010-ല്‍ മുസാഫര്‍ കൗണ്‍സിലറായി വിജയിച്ച പയ്യാനക്കല്‍ വാര്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് നിലവിലെ 39-ാം വാര്‍ഡ് രൂപീകരിച്ചത്. പയ്യാനക്കല്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് 713 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍, മീഞ്ചന്തയില്‍ വിജയം ഉറപ്പായിരുന്നു.

പഴയ വാര്‍ഡ് ഘടനയനുസരിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 130 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിംഗ് വാര്‍ഡായിരുന്നു മീഞ്ചന്ത. എന്നാല്‍, വാര്‍ഡ് പുനര്‍നിര്‍ണയിച്ചപ്പോള്‍ ഈ വാര്‍ഡിലെ വലിയൊരു ഭാഗം തിരുവണ്ണൂരിലേക്ക് പോയി. എല്‍ഡിഎഫിന് അനുകൂലമാവുമെന്ന് കരുതിയ രാഷ്ട്രീയ സാഹചര്യം പ്രതികൂലമാക്കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.കെ. അബൂബക്കര്‍ ഇവിടെ അപ്രതീക്ഷിത വിജയം നേടിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിരുന്ന മുസാഫര്‍ അഹമ്മദിന്റെ ഈ തോല്‍വി കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.