തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ശോഭ സുബിൻ

ചെന്ത്രാപ്പിന്നി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ശോഭ സുബിൻ. വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് ചെന്ത്രാപ്പിന്നി ചക്കുന്നികോളനിയിലെ ശാന്ത എന്ന വയോധികയുടെ അവസ്‌ഥ ശോഭ സുബിൻ അറിഞ്ഞത്. ഒറ്റമുറി വീട്ടിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത അവസ്‌ഥയിലാണ് ഇവർ കഴിഞ്ഞിരുന്നത്. സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ ഇവർ ഒറ്റയ്ക്കാണ് കഴിയുന്നത്. തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം സാധിച്ചു തരുമെന്ന ഉറപ്പ് കൊടുത്താണ് അന്ന് ശോഭ സുബിനും കോൺഗ്രസ് പ്രവർത്തകരും മടങ്ങിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ശുചിമുറിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നാസർ ചാമക്കാല എന്നിവരും സന്നിഹിതരായിരുന്നു.

Comments (0)
Add Comment