ന്യൂഡല്‍ഹി: കേരളത്തിനും തമിഴ്നാടിനും എതിരായ പരാമർശത്തിൽ കേരളത്തോട് മാപ്പ് പറയാതെ കേന്ദ്രമന്ത്രിയും ബംഗളുരു നോർത്ത് ബിജെപി സ്ഥാനാർത്ഥിയുമായ ശോഭാ കരന്ദ്ലജെ. മലയാളികൾ കർണാടകയിൽ വന്ന് പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു കരന്ദ്ലജെയുടെ വിവാദ പരാമർശം. അതേസമയം തമിഴ്നാട്ടുകാർ ബോംബുണ്ടാക്കാൻ പരിശീലനം നേടി ബംഗളുരുവിൽ വരുന്നു എന്ന പരാമർശത്തിൽ മന്ത്രി മാപ്പ് പറഞ്ഞു.
കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭയുടെ പറഞ്ഞത്. തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളുരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. കരന്ദ്ലജെയുടെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രംഗത്തെത്തയിരുന്നു. ഒരു ഇംഗ്ലീ്ഷ് മാധ്യമത്തോട് സംസാരിക്കവേയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
മുമ്പും മലയാളികള്‍ക്കെതിരെ ശോഭാ കരന്ദ്ലജെ വിദ്വേഷ പരാമർശം നടത്തിയിട്ടുണ്ട്. കൊവിഡ് സമയത്തായിരുന്നു മലയാളികള്‍ക്കെതിരായ ആക്ഷേപം. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും കര്‍ണാടകയിലേക്ക് കുടിയേറുന്ന മലയാളികള്‍ കൊറോണ വൈറസ് കൊണ്ടു വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്നുമാണ് അന്ന് കരന്ദ്ലജെ പറഞ്ഞത്. ശോഭക്കെതിരെ നേരത്തെ മലപ്പുറത്തെ ബിജെപി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കേസെടുത്തിരുന്നു. മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്തതിനാണ് കേരള പോലീസ് കേസെടുത്തത്.