കൂട്ടബലാത്സംഗ കേസില്‍ ഡ്യൂട്ടിക്കെത്തിയ എസ് എച്ച് ഒ അറസ്റ്റില്‍; വീട്ടമ്മയുടെ പരാതിയിലാണ് നടപടി

Jaihind Webdesk
Sunday, November 13, 2022

കോഴിക്കോട്: കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടില്‍ വെച്ച് സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. കേസിലെ മൂന്നാം പ്രതിയാണ് സിഐ സുനു.കഴിഞ്ഞ മെയ് മാസത്തിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍പിയെ വിവരം അറിയിച്ചിരുന്നു.

യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിഐ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും വീട്ടമ്മ അറിയിച്ചിട്ടുണ്ട്. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്‍റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. ഇന്നലെയാണ് വീട്ടമ്മ തൃക്കാക്കര പൊലീസിന് പരാതി നൽകിയത്.