ഹൈക്കോടതി ഐ.ടി സംഘത്തിന്‍റെ നിയമനത്തിലും ശിവശങ്കറിന്‍റെ ഇടപെടല്‍ ; അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Friday, December 11, 2020

 

തിരുവനന്തപുരം: ഹൈക്കോടതിയിലെ ഐ.ടി സംഘത്തിന്റെ നിയമനത്തിലും എം.ശിവശങ്കറിന്റെ ഇടപെടല്‍. ഉന്നത ഐ.ടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാർ മതിയെന്ന് നിലപാടെടുത്തത് ശിവശങ്കറാണെന്ന് കണ്ടെത്തല്‍. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററിനെ ഉള്‍പ്പെടുത്തേണ്ടെന്ന് നിര്‍ദേശിച്ചത് സര്‍ക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റീസിന്റെ നി‍ർദേശപ്രകാരം ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്‍റെ നിയമനത്തെക്കുറിച്ചുള്ള വസ്തുതാവിവര റിപ്പോർട്ട് തയാറാക്കിയത്.

ഇതുസംബന്ധിച്ച് ഹൈക്കോടതി അന്വേഷണം തുടങ്ങി. ഐടി ടീമിന്റെ നിയമനത്തിലെ നടപടി ക്രമങ്ങളും പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമന നടപടികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അത് ഭരണഘടനയുടെ 229-ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന എന്‍ഐസിക്കു കേരള ഹൈക്കോടതിയുടെ ഐടി അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വൈദഗ്ധ്യമില്ലെന്നു ഹൈക്കോടതിയെ അറിയിച്ചതു എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പാണ്.

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എം.ശിവശങ്കര്‍ ചുമതലകള്‍ വഹിച്ചിരുന്ന കാലത്തെ മുഴുവന്‍ കരാര്‍ നിയമനങ്ങളും പരിശോധിക്കുന്നതിനിടയിലാണു ഹൈക്കോടതിയിലെ തന്ത്രപ്രധാനമായ ഐടി നിയമനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്.