‘പ്രിയങ്ക പോരാളിയും യോദ്ധാവും ‘ ; കണ്ണിനും ശബ്ദത്തിനും ഇന്ദിരയുടെ തീക്ഷ്ണത : ശിവസേന

Jaihind Webdesk
Wednesday, October 6, 2021

മുംബൈ : . പ്രിയങ്ക ഗാന്ധി യോദ്ധാവും  പോരാളിയുമാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ടെന്നും സാമ്‌ന പറയുന്നു. ലഖിംപൂർ സംഭവത്തില്‍ യോഗി സർക്കാരിനെതിരെ പ്രിയങ്ക പോരാടുന്ന പശ്ചാത്തലത്തിലാണ് സാമ്നയുടെ മുഖപ്രസംഗം.

ചിലപ്പോള്‍, പ്രിയങ്കയായിരിക്കും രാഷ്ട്രീയ ആക്രമണത്തിന്‍റെ ലക്ഷ്യം. എന്നാല്‍ അവരെ അനധികൃതമായി തടങ്കലില്‍വെച്ചവര്‍ ഒന്നോര്‍ക്കുക. അവര്‍, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണെ്- സാമ്‌ന പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ എന്നും സാമ്‌ന ആരോപിച്ചു.

അതേസമയം ലഖിംപുര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമ്‌ന നടത്തിയത്. ബിജെപിയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായാണ് ശിവസേന താരതമ്യപ്പെടുത്തിയത്. കര്‍ഷകര്‍ പറയുന്നത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് സാമ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കര്‍ഷകരെ നിശ്ശബ്ദരാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും സാമ്‌ന പറയുന്നു.