
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. ലാത്തൂരിലെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെ 6:30 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്ന ശിവരാജ് പാട്ടീൽ, തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർ, കേന്ദ്രമന്ത്രിസഭയിലെ വിവിധ സുപ്രധാന വകുപ്പുകളുടെ ചുമതല എന്നിവ അദ്ദേഹം നിർവഹിച്ചു. ലാത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണയാണ് അദ്ദേഹം വിജയിച്ചത്.
രാജ്യസേവനത്തിലൂടെയും ഭരണനിർവഹണത്തിലൂടെയും അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പാട്ടീലിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതൃത്വവും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.