ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി എസ്.പി വിമതനും പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ ശിവ്പാല്‍ യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ശിവ്പാല്‍ യാദവ് പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് പിന്തുണയേകാനാണ് ശിവ്പാല്‍ യാദവിന്‍റെ തീരുമാനം.
എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശിവ്പാല്‍ യാദവ് അടുത്തിടെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പാര്‍ട്ടിക്ക് സംസ്ഥാനത്തെ 75 ജില്ലകളില്‍ സംഘടനാ സംവിധാനമുണ്ടെന്നും ബി.ജെ.പിക്കെതിരെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനമെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും യാദവ് വ്യക്തമാക്കി.
മുലായം സിംഗിനൊപ്പം സമാജ്‌വാദി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് പങ്കുവഹിച്ച ശിവ്പാല്‍ യാദവിന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ ശിവ്പാല്‍ യാദവിന്‍റെ പിന്തുണ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിനെ സഹായകമാകും.