ശിവശങ്കർ അഞ്ചാം പ്രതി ; 7 ദിവസം ഇ.ഡി കസ്റ്റഡിയില്‍

Jaihind News Bureau
Thursday, October 29, 2020

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ചോദ്യംചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി.

രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ശിവശങ്കറിനെ ഹാജരാക്കിയത്. ഇ.ഡി. കസ്റ്റഡിയില്‍ പീഡനം നേരിടുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും കോടതിയില്‍ ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ.ഡി. ഒരുക്കണമെന്നും മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.