കോണ്‍ഗ്രസ് പ്രധാനമന്ത്രിമാർ സൃഷ്ടിച്ച സംവിധാനങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ അതിജീവിക്കുന്നു ; പ്രശംസിച്ച് ശിവസേന

Saturday, May 8, 2021

 

മുംബൈ : കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ഭരണത്തെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചും ശിവസേന. പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, മൻ‌മോഹൻ സിങ് എന്നിവരുൾപ്പെടെ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനമാണ് പ്രതിസന്ധികാലത്ത്  രാജ്യത്തെ പിടിച്ചുനിർത്തുന്നതെന്ന് മുഖപത്രമായ സാംനയിലെ ലേഖനത്തില്‍ ശിവശേന ചൂണ്ടിക്കാട്ടി.

അയല്‍രാജ്യങ്ങള്‍ പോലും സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ കോടികൾ ചെലവഴിച്ചുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവയ്ക്കാൻ പോലും  സർക്കാർ തയ്യാറാകുന്നില്ലെന്നും ശിവസേന വിമർശിച്ചു. നിരവധി ദരിദ്രരാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ തേടിയിരുന്നു. എന്നാൽ ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും  ശിവസേന വിമർശിച്ചു.

ദരിദ്ര രാജ്യങ്ങൾവരെ അവരാൽ കഴിയുന്ന രീതിയിൽ ഇന്ത്യയെ സഹായിക്കുമ്പോൾ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറല്ല. സൂക്ഷ്മബോധവും ദേശീയതയും ഉള്ളിലുള്ള സർക്കാർ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കില്ല. പകർച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാൻ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ദേശീയ പാനൽ രൂപീകരിക്കുകയാണു ചെയ്യേണ്ടതെന്നും ശിവസേന പറഞ്ഞു.