‘മനുഷ്യത്വത്തിന്‍റെ  അടയാളം’; രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Jaihind Webdesk
Monday, November 21, 2022

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന  നേതാവ് സഞ്ജയ് റാവത്ത്. തന്‍റെ തിരക്കേറിയ യാത്രക്കിടയിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് മനുഷ്യത്വവും കരുതലും കാണിച്ചു എന്നായിരുന്നു റാവത്തിന്‍റെ  പ്രശംസ. ‘മനുഷ്യത്വത്തിന്‍റെ  അടയാളം ആണ് രാഹുല്‍ഗാന്ധി’ എന്നാണ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചത്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കതീതമായി ഒരു സുഹൃത്തെന്ന നിലയിൽ ബന്ധം നിലനിർത്തുന്ന ഒരാളാണ് രാഹുല്‍ ഗാന്ധിയെന്നും റാവത്ത്  പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നിട്ടും രാഹുല്‍ എന്നെ വിളിച്ചു. അദ്ദേഹം എന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ രാഹുല്‍ ഗാന്ധി തന്‍റെ യാത്രയില്‍ സ്‌നേഹത്തിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സവർക്കറിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിൽ ഉദ്ധവ് താക്കറെ എതിർപ്പറിയിച്ചെന്ന റിപ്പോർട്ടുകള്‍ക്കിടെ ഒരു ശിവസേന നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.