കനത്ത മഴയും നദിയിലെ അടിയൊഴുക്കും വെല്ലുവിളി; ഷിരൂർ ദൗത്യം 11-ാം ദിവസം തുടരുന്നു

Jaihind Webdesk
Friday, July 26, 2024

 

ബംഗളുരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിനൊന്നാം ദിവസം. ഗംഗാവാലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഒഴുക്കിന്‍റെ ശക്തി 3 നോട്സിനു താഴെ എത്തിയാല്‍ മാത്രമേ  മുങ്ങൽവിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധിക്കാന്‍ കഴിയൂ. നിലവിൽ ഒഴുക്ക് 6 നോട്സാണ്.

കഴിഞ്ഞ ദിവസം ലോറിയുടെ സ്ഥാനം കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം നിർണായകഘട്ടത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ ലോറിക്കകത്ത് അർജുൻ ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകൽ തെർമൽ ഇമേജിംഗ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ശക്തമായി തുടരുന്ന മഴയും നദിയിലെ അടിയൊഴുക്കുമാണ് കനത്ത വെല്ലുവിളി ഉയർത്തുന്നത്.

അതേസമയം മണ്ണിടിച്ചിലുണ്ടായ ദേശീയപാത–66 ഭാഗികമായി തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഇതിലെ വാഹനങ്ങൾ കടത്തിവിട്ടു. പകൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ വാഹനങ്ങൾ തടയും. കൂടുതല്‍ സംവിധാനങ്ങള്‍ പ്രദേശത്ത് എത്തിക്കുന്നുണ്ട്. ബൂം യന്ത്രം ഉപയോഗിച്ച് പുഴയുടെ തീരത്തെ മണ്ണ് നീക്കം ചെയ്യുന്നു. റാംപ് നിർമിച്ച് വാഹനങ്ങളിൽ യന്ത്രങ്ങൾ എത്തിക്കാനാണ് നീക്കം. അതേസമയം ഉത്തര കന്നഡ ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താന്‍ സാധിക്കൂ.