ബംഗളുരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ പരിശോധനയിൽ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താനായില്ല. ഇന്ന് തിരച്ചിലിനു വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂനെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ അടക്കം കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങള്‍ എത്തിക്കും. ഏറ്റവും ശ്രമകരമായ ദൗത്യമാണ് ഷിരൂരില്‍ പുരോഗമിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറും ഉണ്ടാകും. അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബാ സംഘവും ഗംഗാവാലി നദിയിൽ ഇന്നും തിരച്ചിൽ തുടരും. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ ഇന്ന് തിരിച്ചിലിനായി സൈന്യം എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്‍റെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കും. മണ്ണ് മുഴുവന്‍ നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പുഴയിലെ മൺകൂനയിലാകാം ലോറി ഉള്ളതെന്നാണ് നിഗമനം. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണ്ണമാണെന്ന് ദൗത്യസംഘം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്തെത്തി രക്ഷാദൗത്യം വിലയിരുത്തിയിരുന്നു. കോഴിക്കോട് എംപി എം.കെ. രാഘവനും സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. അതേസമയം ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ലോറി ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിന്‍റെ തീരുമാനം. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.