അർജുനെ കണ്ടെത്താനായി തീവ്രശ്രമം; തിരച്ചിലിനായി ഇന്ന് സൈന്യം ഇറങ്ങും, കനത്ത മഴ വെല്ലുവിളി

Jaihind Webdesk
Sunday, July 21, 2024

 

ബംഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറിയുമായി കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് 11 മണിയോടെ ഷിരൂരിലെത്തിച്ചേരും. തിരച്ചിലിനായി ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തും പരിശോധിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്‍റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് റഡാർ സംഘം. ഇന്നലെ സി​ഗ്നൽ ലഭിച്ച ഭാഗം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. തിരച്ചില്‍ രാവിലെ തന്നെ പുനഃരാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് തുടരുന്ന കനത്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെ അദ്ദേഹം ഷിരൂരില്‍ എത്തിച്ചേരും.