ഏറ്റുമാനൂരില്‍ ഓടുന്ന ട്രെയിനിനു മുന്‍പില്‍ ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷൈനിയുടേയും മക്കളുടേയും മരണം തുടര്‍ച്ചയായ പീഡനത്തിനൊടുവില്‍ എന്ന് റിപ്പോര്‍ട്ട്. ഷൈനിയേ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മര്‍ദ്ദമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാറോലിക്കല്‍ സ്വദേശികളായ ഷൈനി മക്കളായ ഇവാന, അലീന എന്നിവരാണ് ഫെബ്രുവരി 28ആം തീയതി പുലര്‍ച്ചെ ഓടുന്ന ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഷൈനിയുടെ ഭര്‍ത്താവ് നോബിയെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അന്വേഷിച്ച റിപ്പോര്‍ട്ട് ആണ് പോലീസ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
മാസങ്ങളോളമായി അകന്നു കഴിഞ്ഞിരുന്ന ഷൈനിയെ നിരന്തരമായി നോബി ശല്യപ്പെടുത്തിയിരുന്നെന്നും, ഷൈനിയേ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മര്‍ദ്ദമെന്നുമ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍തൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചത് രാത്രി പത്തരയ്ക്ക് എന്നും, വാട്‌സ് ആപ്പില്‍ വിളിച്ച് നോബി ഭീഷണിപ്പെടുത്തിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൂരമായ ഭാഷയിലുള്ള കുത്തുവാക്കുകള്‍ അടക്കം പറഞ്ഞാണ് നോബി ഷൈനിയെ ഭീഷണിപ്പെടുത്തിയത്. പ്രതി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പ്രതിയുടെയും ഷൈനിയുടേയും ഫോണുകളുടെ പരിശോധന ഫലം കാത്തിരിക്കുകയാണ് എന്നും, കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നോബി ലൂക്കോസ് സമര്‍പ്പിച്ച ജാമ്യ അപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് പോലീസ് കോടതിയില്‍ അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇയാളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. അതേ സമയം, അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ നോബിക്ക് ജാമ്യം അനുവദിക്കരുതെന്നും തെളിവ് നശിപ്പിക്കാന്‍ പ്രതി ശ്രമിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഷൈനിയുടെ പിതാവ് കുര്യാക്കോസും ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഹാര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. കോട്ടയം മുന്‍സിഫ് കോടതിയിലാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.