സിനിമയില്‍ ശത്രുക്കളുണ്ട്, പേടിച്ചോടിയതെന്നും ഷൈന്‍; വൈദ്യപരിശോധന നടത്താന്‍ പോലീസ്

Jaihind News Bureau
Saturday, April 19, 2025

ഹോട്ടല്‍ മുറിയില്‍ തട്ടി വിളിച്ചത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് ജനാല വഴി രക്ഷപ്പെട്ടതെന്ന് നടന്‍ ഷൈന്‍ ടോമിന്റെ മൊഴി. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട്. അവര്‍ ആരൊക്കെയെന്ന് അറിയില്ല. തന്റെ വിജയത്തിലുള്ള രോഷമായിരിക്കാം അവര്‍ക്കെന്നും ഷൈ്ന്‍ ടോം പോലീസിന് മൊഴി നല്‍കിയെന്ന വിവരം പുറത്തു വന്നു. താന്‍ ചില മരുന്നുകള്‍ കഴിക്കാറുണ്ട്. അതില്‍ മയക്കം നല്‍കുന്ന മരുന്നുകളും ഉള്‍പ്പെടുന്നതായി ഷൈ്ന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങളും ഷൈന്‍ കൈമാറിയിട്ടുണ്ട്.

ഡാന്‍സാഫ് സംഘമാണ് എത്തിയതെന്ന് താന്‍ തിരിച്ചറിഞ്ഞില്ല. അതിനാലാണ് ഹോട്ടലില്‍ നിന്ന് ഓടിയത് . രാസ ലഹരിയോ നിരോധിത ലഹരിയോ താന്‍ ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പൊലീസിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഷൈനിന്റെ ഫോണ്‍ സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിച്ചു. ഇതില്‍ സംശയകരമായ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ഫോണുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കരുതുന്നു. എന്നാല്‍ ഇതില്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത് .