സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് യു.എ.ഇ. സെന്‍ട്രല്‍ ജയിലിലുള്ള മലയാളി ഷിഹാബ് ഷായ്ക്ക് സിപിഎമ്മുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം. സാമ്പത്തിക തട്ടിപ്പു കേസില്‍ യു.എ.ഇ. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കേരളത്തിലും ഒട്ടേറെ തട്ടിപ്പു കേസുകളില്‍ പ്രതിയാണ്. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശിയായ ഷിഹാബ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ പുറത്തു വന്നു. പാര്‍ട്ടി ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം ഇയാളെ മികച്ച സംരംഭകനുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. മുഖ്യമന്ത്രി അവാര്‍ഡു നല്‍കി ഒരു വര്‍ഷം തികയും മുമ്പേ അയാളുടെ കാര്യത്തില്‍ തീരുമാനമായി…
വ്യവസായ സൗഹൃദമാക്കാന്‍ ഈസ് ഓഫ് ഡൂയിംഗ് പ്രഖ്യാപിച്ച് ചുവപ്പു പരവതാനിയും വിരിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വീമ്പിളക്കുമ്പോഴാണ് ഷിഹാബിനെ പോലെയുള്ളവര്‍ക്ക് സിപിഎം പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം രാജ്യസഭാ എംപിയായ ജോണ്‍ ബ്രിട്ടാസും ചേര്‍ന്നാണ് അവാര്‍ഡു സമ്മാനിക്കുന്നതായി ചിത്രങ്ങളില്‍ കാണുന്നത്. പൊതുമദ്ധ്യത്തില്‍ ഇവരുടെ നയങ്ങളുടെ വിശ്വാസ്യത എത്രമാത്രമാണെന്ന ചോദ്യമാണ് ഉയരുന്നത്. ഈസ് ഓഫ് ഡൂയിംഗ് നയം എന്തിനാണ്… ? നാട്ടുകാരെ പറ്റിക്കാനുള്ള മാര്‍ഗ്ഗമാണോ.
വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ ഒട്ടേറെ പേരില്‍നിന്ന് തട്ടിയെടുത്തുവെന്നാണ് ആരോപണം . ആഡംബര വില്ലകള്‍, റിസോര്‍ട്ട് ആശുപത്രി എന്നിവയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കേസില്‍ യുഎഇയില്‍ പിടിയിലായ ഇയാളെ ഇന്റര്‍പോള്‍ വഴി വിട്ടുകിട്ടാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് കേരളത്തില്‍ തട്ടിപ്പിന് ഇരയായവര്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ തട്ടിപ്പു കേസുകളില്‍ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യു.എ.ഇയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമായും പ്രവാസി മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇതു കൂടാതെ സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്.
ഇത്തരത്തില്‍ നാടു നീളെ തട്ടിപ്പു നടത്തുന്ന ഒരാളെ കുറിച്ച് കേരളത്തിലെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് വിവരം കിട്ടുന്നില്ലെങ്കില്‍ എന്തിനാണ് ഇന്റലിജന്റ്‌സും പരിവാങ്ങളും എന്നാണ് ആദ്യ ചോദ്യം ഉയരുന്നത്. ഇത്തരം സര്‍വ്വതട്ടിപ്പുകാരുമായും സിപിഎമ്മിന് ബന്ധമുള്ളതായി തെളിയുന്നു. 2015-ലാണ് ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് റോയല്‍ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകള്‍ പണിത് കമ്പനി തന്നെ വാടകക്കെടുത്ത് നിക്ഷേപകര്‍ക്ക് വാടക നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ പ്രോജക്ട് ഒഴിവാക്കി പിന്നീട് ആയുര്‍വേദ ആശുപത്രി പ്രഖ്യാപിച്ചു. അതും നടന്നില്ല. ഇങ്ങനെ ഒരാളെയാണ് ജിസിസി രാജ്യങ്ങളിലെ മികച്ച സംരംഭകനായി പാര്‍ട്ടിയുടെ മാദ്ധ്യമ സ്ഥാപനം കണ്ടെത്തുന്നത്. എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാള്‍ക്കു നല്‍കുന്നത്.
സിപിഎമ്മിനും ഈ തട്ടിപ്പുകാരനും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ക്യാപ്‌സൂളുകള്‍ ഇറക്കിയാല്‍ വിശ്വസിക്കാന്‍ അന്തങ്ങളുണ്ടാവും, എന്തായാലും അവാര്‍ഡ് വാങ്ങിച്ച് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. എങ്ങനെ കേരള മാന്‍ഡ്രേക്കിന് കൊണ്ട് ഇതൊക്കെ സാധിക്കുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍