കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Friday, December 18, 2020

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിൽ കഴിയുന്നുണ്ട്.

മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗല്ല ബാക്ടീരിയ ബാധ 9 കുട്ടികളിൽ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച മായനാട് കോട്ടപ്പറമ്പ് പ്രദേശത്തെ പതിനൊന്നുകാരന് ഷിഗല്ലയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ മരണാനന്തരചടങ്ങിന് മറ്റു പ്രദേശങ്ങളിൽ നിന്നും വന്നവരിൽ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. എന്നാൽ സ്ഥിതി നിയന്ത്രണവിധേയം ആണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കോട്ടപറമ്പിലെ 11 വയസ്സുകാരനെ ഛർദ്ദി വയറിളക്കം ത്തോടെയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയവും രക്തസമ്മർദ്ദവും കുറഞ്ഞതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പറമ്പ് പ്രദേശത്ത് അഞ്ചു വീടുകളിലെ കിണറുകളിലെ വെള്ളത്തിന് സാമ്പിൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം മലാപറമ്പ് റീജണൽ അനലറ്റിക്കൽ ലാബിൽ ലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ അമ്പതിലേറെ വീടുകളിലെ കിണർ ക്ലോറിനേറ്റ് ചെയ്തു.