വിടവാങ്ങിയത് ഡല്‍ഹിയുടെ സ്വന്തം മെട്രോ വുമണ്‍; ഷീല ദീക്ഷിത് ജീവിതവും രാഷ്ട്രീയവും

Jaihind Webdesk
Saturday, July 20, 2019

രാജ്യം കണ്ട വനിതാ മുഖ്യമന്ത്രിമാരില്‍ ഭരണപാടവവും വികസന മാതൃകയും കൊണ്ട് ഒന്നാം നമ്പര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നിസ്സംശയം ഷീലദീക്ഷിത് എന്ന് തന്നെയാണ്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന 1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷക്കാലമാണ് ഇന്നുകാണുന്ന ഡല്‍ഹിയുടെ മുഖം നിര്‍മ്മിച്ചത്. ഡല്‍ഹി മെട്രോ എന്ന ആശയത്തിന് ജീവന്‍ നല്‍കിയതും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഷീല ദീക്ഷിത് എന്ന മുഖ്യമന്ത്രിയാണ്. തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയും മുഖ്യമന്ത്രി പദവി അലങ്കരിക്കുകയും ചെയ്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അവര്‍. ഗോള്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് അവര്‍ വിജയിച്ചത്. ജനങ്ങളുടെ നേതാവായിരുന്നു അവര്‍. ഡല്‍ഹി രാഷ്ട്രീയത്തിലെ നായികയും ഡല്‍ഹി കോണ്‍ഗ്രസിലെ അവസാന വാക്കുമായിരുന്നു ഷീല ദീക്ഷിത്. കോണ്‍ഗ്രസിന്റെ നേതൃത്വം സോണിയ ഗാന്ധിയിലെത്തുമ്പോള്‍ രാഷ്ട്രീയമാതാവിന്റെ സ്ഥാനമായിരുന്നു സോണിയ ഷീല ദീക്ഷിത്തിന് നല്‍കിയിരുന്നത്.

1938 മാര്‍ച്ച് 31 ന് പഞ്ചാബിലെ കപൂര്‍ത്തലയില്‍ ജനിച്ച ഷീല ദീക്ഷിത് ന്യൂഡല്‍ഹിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. യങ് വുമണ്‍സ് അസോസിയേഷന്‍ ചെയര്‍ പേഴ്സണായിരിക്കെ ഡല്‍ഹിയില്‍ വനിതകള്‍ക്കായി രണ്ട് ഹോസ്റ്റല്‍ സ്ഥാപിച്ചു. യാദൃച്ഛികമായാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാശങ്കര്‍ ദീക്ഷിത്തിന്റെ മരുമകളായി എത്തിയതോടെയാണ് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

1984-ല്‍ യുപിയിലെ കനൗജില്‍നിന്നാണ് അവര്‍ ആദ്യമായി ലോക്സഭയിലേക്ക് ജയിച്ചത്. 1986 മുതല്‍ 89 വരെ കേന്ദ്രസഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി. മാര്‍ച്ച് 2014 ല്‍ കേരളത്തിന്റെ ഗവര്‍ണറായി നിയോഗിക്കപ്പെട്ടതോടെ മലയാളികളുടെയും സ്വന്തമായി മാറിയിരുന്നു ഷീല ദീക്ഷിത്. അതിനിടെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ അവരുടെ പേര് ഉയര്‍ന്നുവന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവരെ ഡല്‍ഹി പിസിസി അധ്യക്ഷയായി നിയോഗിച്ചു. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത് പോലെ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട മകളായിരുന്ന ഷീല. പരേതനായ വിനോദ് ദീക്ഷിത്താണ് ഷീല ദീക്ഷിത്തിന്റെ ഭര്‍ത്താവ്. മുന്‍ എംപി കൂടിയായ സന്ദീപ് ദീക്ഷിത്ത് മകന്‍. ലതിക ലതിക ദീക്ഷിത് സയിദ് മകളാണ്.