ബജറ്റില്‍ കേരളത്തെ പാടെ അവഗണിക്കാന്‍ കാരണം സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്ന് രൂക്ഷ വിമർശനവുമായി ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ഒന്നും ലഭിച്ചില്ലെന്ന് വിലപിക്കുന്നവര്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി എന്ത് ചെയ്തെന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.
മുൻകാലങ്ങളിലെ സർക്കാരുകൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാർ ബജറ്റിന് മുന്നോടിയായി ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തുകയും ശക്തമായ സമ്മർദ്ദത്തിലൂടെ കേന്ദ്രത്തിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കവും മുഖ്യമന്ത്രി പിണറായി വിജന്റെയോ ധനമന്ത്രി തോമസ് ഐസക്കിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന പേരില്‍ ക്യാബിനറ്റ് പദവിയും ഭാരിച്ച ശമ്പളവും ഉള്‍പ്പെടെ നല്കി എ സമ്പത്തിനെ നിയമിച്ചത് എന്തിന് വേണ്ടിയാണെന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോണ്‍ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കേരളത്തെ പാടെ അവഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള അവഗണന ഒരു പുതിയ കാര്യമല്ലല്ലോ. എന്നാൽ കേരളത്തിന് ഒന്നും കിട്ടിയില്ലേ എന്ന പരിദേവനങ്ങൾക്ക് അപ്പുറം ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇടംലഭിക്കാൻ സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന ചോദ്യം ബാക്കിയാണ്.
മുൻകാലങ്ങളിലെ സർക്കാരുകൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാർ ബജറ്റിന് മുന്നോടിയായി ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തുകയും ശക്തമായ സമ്മർദ്ദങ്ങളിലൂടെ കേന്ദ്രത്തിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം മുന്നൊരുക്കങ്ങളൊന്നും ഇത്തവണ കണ്ടില്ല. ബജറ്റിന്റെ ഭാഗമായി കേന്ദ്രവുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ കേരളത്തിന്റെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നടത്തിയതായി യാതൊരു അറിവുമില്ല. മാത്രമല്ല ‘കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ’ എന്ന പേരിൽ ഒരാളെ ക്യാബിനറ്റ് റാങ്കും ഭീമമായ ശമ്പളവും നൽകി ഡൽഹിയിൽ നിയമിച്ചിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിലെത്തിക്കാനും, അത് നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല.കേന്ദ്രത്തിന്റെ അവഗണന മാത്രമല്ല സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വവും കേരളത്തിന്റെ ബജറ്റ് വിഹിതം കുറഞ്ഞതിന് കാരണമാണെന്ന് തന്നെ പറയേണ്ടി വരും.