കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : ‘പിണറായി വിജയന്‍ മറുപടി പറയണം’ : ഷിബു ബേബി ജോൺ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കൊവിഡ് പ്രോട്ടക്കോള്‍ ലംഘിച്ചതില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കൊവിഡ് പരിശോധന പ്രോട്ടോകോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിന്‍റെ നട്ടെല്ലായി നിലകൊള്ളുന്ന നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്‍റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായിക്ക് കോവിഡ് പ്രോട്ടോക്കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതികരിക്കാനാവുമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം..

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അമരക്കാരനായി നിന്ന് പ്രതിരോധം തീര്‍ക്കേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കുകയാണ്. ഈ മാസം 8ന് കോവിഡ് സ്ഥീരികരിച്ച പിണറായി വിജയന് ചികിത്സ കാലാവധിയായ 10 ദിവസം പൂര്‍ത്തികരിക്കാതെ ഇന്ന് വീണ്ടും ടെസ്റ്റ് ചെയ്യാനും നെഗറ്റീവ് എന്ന ഫലം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിടാനും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സാധ്യമല്ല. പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ പിണറായി വിജയന്‍ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂ.

അദ്ദേഹത്തെ ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം അനുസരിച്ച് ഈ മാസം നാലാം തീയ്യതി മുതല്‍ പിണറായി വിജയന്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണെങ്കില്‍ സിനിമാ താരങ്ങളെ വിളിച്ചുകൂട്ടി റോഡ് ഷോ നടത്തിയതും, തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തിയതും അതിനു ശേഷമാണ്. വേലി തന്നെ വിളവ് തിന്നുന്ന തരത്തില്‍ നിരുത്തരവാദിത്വപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

എത്രയെത്ര സാധാരണ ജനങ്ങളെയാണ് ഈ മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്‌ക്കരണ ആഹ്വാനം പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയത്. ഇറ്റലിക്കാരായ പ്രവാസി കുടുംബത്തില്‍ തുടങ്ങി, കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ, കോവിഡ് ബാധിതനെന്ന് അറിയാതെ യാത്ര ചെയ്ത ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഈ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ സമരം ചെയ്ത യുവാക്കളെയുമൊക്കെ പരസ്യമായി അവഹേളിച്ച പിണറായിക്ക് കോവിഡ് പ്രോട്ടോക്കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതികരിക്കാനാവും.

പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് തെരെഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിയിരുന്നത്. പൂന്തുറയിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ പട്ടാളത്തെ ഇറക്കി ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയ പിണറായി വിജയന് തന്റെ മകള്‍ക്ക് രോഗം സ്ഥീരികരിച്ചപ്പോഴും സ്വയം ക്വാറന്റൈനിലിരിക്കാതെ പൊതുജനമധ്യത്തിലേക്ക് മടിയില്ലാതെ ഇറങ്ങാന്‍ കഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയില്ലാത്തത് കൊണ്ടാണ്. പിണറായി വിജയന്റെ പ്രോട്ടോകോള്‍ ലംഘനം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

Comments (0)
Add Comment