കൃപേഷിന്‍റെ കുടുംബത്തിന് തണലൊരുങ്ങുന്നു; തണല്‍ ഭവനപദ്ധതിയിലൂടെ വീട് നിര്‍മിച്ചുനല്‍കുമെന്ന് ഹൈബി ഈഡന്‍ MLA

Jaihind Webdesk
Monday, February 18, 2019

കാസര്‍ഗോഡ് പെരിയയില്‍ സി.പി.എമ്മിന്‍റെ കൊലക്കത്തിക്കിരയായ കൃപേഷിന്‍റെ കുടുംബത്തിന് വീടുവെച്ചുനല്‍കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. എറണാകുളം നിയോജക മണ്ഡലത്തിൽ ഹൈബി ഈഡന്‍ എം.എല്‍.എ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിലൂടെയാണ് കൃപേഷിന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നത്.

 

കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടില്‍

വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന്‍റെ പേരിലാണ് കൃപേഷിന്‍റെ കുടുംബം മരണത്തിന്‍റെ വ്യാപാരികൾ തകര്‍ത്തത്. ഈ കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഇനി ഓരോ കോൺഗ്രസുകാരന്‍റേയും ബാധ്യതയാണെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കൃപേഷിന്‍റെ സ്ഥാനത്തുനിന്ന് ആ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം ഞങ്ങൾ സാക്ഷാത്ക്കരിക്കുമെന്ന് ഹൈബി പറയുന്നു. ഇതൊന്നും ആ കുടുംബത്തിന്‍റെ കണ്ണുനീരിനു പകരമാകില്ലെങ്കിലും…. എന്ന വരിയോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പെരിയയില്‍ സി.പി.എം കൊലക്കത്തിക്കിരയായ കൃപേഷിന്‍റെ ജീവിതസാഹചര്യങ്ങള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. അച്ഛന്‍, അമ്മ, രണ്ട് സഹോദരിമാര്‍ എന്നിവരടങ്ങുന്നതാണ് കൃപേഷിന്‍റെ കുടുംബം. ഓലമേഞ്ഞ തകര്‍ന്നു വീഴാറായ കുടിലിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ഹൈബി ഈഡന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍‌ണരൂപം:

“സി.പി.എമ്മിന്റെ ചോരക്കൊതി കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെയാണ്. ആ വീട് സന്ദർശിച്ചവർക്ക് കണ്ണുനീരോടെയല്ലാതെ ആ കുടുംബത്തിന്റെ കഥ പറയാൻ കഴിയില്ല. ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ നിന്നാണ് പത്തൊൻപത്കാരനായ കൃപേഷ് ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചത്.

താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകർത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികൾ സമ്മാനിച്ചത്. ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോൺഗ്രസുകാരന്റെയും ബാധ്യതയാണ്.

എറണാകുളം നിയോജക മണ്ഡലത്തിൽ ഞാൻ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയുമായി സഹകരിക്കുന്ന ഒരു സുഹൃത്ത് കൃപേഷിന്റെ വീട് നിർമ്മിച്ച് നൽകുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കാസർഗോഡ് ഡി.സി.സി. പ്രസിഡന്റ് ഹക്കീമുമായി ഞാൻ സംസാരിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കൃപേഷിന്റ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം ഞങ്ങൾ സാക്ഷാത്ക്കരിക്കും…

ഇതൊന്നും ആ കുടുംബത്തിന്റെ കണ്ണുനീരിനു പകരമാകില്ലെങ്കിലും….”