ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; കടുത്ത പ്രക്ഷോഭത്തിനിടെ രാജ്യം വിട്ടു

Jaihind Webdesk
Monday, August 5, 2024

 

ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതിയിൽനിന്നു സുരക്ഷിതകേന്ദ്രത്തിലേക്കു മാറിയ ഷെയ്ഖ് ഹസീന രാജ്യം വിട്ടതായാണ് റിപ്പോർട്ടുകള്‍. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിലാണു നടപടി.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്‍റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും. ധാക്ക വിടുന്നതിനു മുമ്പു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. 1971-ല്‍ ബംഗ്ലാദേശിനെ പാകിസ്താനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ‘വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയാണു നിസഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാർ ആഹ്വാനം ചെയ്തു. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു.

സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുമ്പ് നടന്ന സംഘർഷങ്ങളിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്‍റർനെറ്റിന് സാമൂഹ്യമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.