കടലാക്രമണം നടന്ന തീരദേശ മേഖലകള്‍ സന്ദർശിച്ച് ശശി തരൂർ; ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് ആവശ്യം

Jaihind Webdesk
Monday, April 1, 2024

തിരുവനന്തപുരം: കഴിഞ്ഞദിവസം കടലാക്രമണം ദുരന്തം വിതച്ച തീരദേശ മേഖലക്ക് സാന്ത്വനവുമായി തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. വിഴിഞ്ഞം പൂവാറിലെ കടലാക്രമണ മേഖലകൾ ഉൾപ്പെടെ ദുരിതബാധിത മേഖലകൾ ശശി തരൂർ സന്ദർശിച്ചു. തീരദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്രതീക്ഷിത കടൽക്കയറ്റം ദുരിതം വിതച്ച തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ ദുരിത ബാധിതർക്കു ആശ്വാസവുമായിട്ടാണ് ശശി തരൂർ എത്തിയത്. വിഴിഞ്ഞം പൂവാറിലെ കടലാക്രമണ മേഖലകൾ ഉൾപ്പെടെ ദുരിതബാധിത മേഖലകൾ അദ്ദേഹം സന്ദർശിച്ചു. ദുരിതബാധിത മേഖലയിൽ എത്തിയ ശശി തരൂരിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ ദുരന്തത്തിന്‍റെ ഭീകരത വിശദീകരിച്ചു.

തീരദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം
നൽകണമെന്ന് ശശിതരൂർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നൽകി. കള്ളക്കടൽ എന്ന പ്രതിഭാസമാണ് കഴിഞ്ഞദിവസം കേരളത്തിന്‍റെ തീരദേശ മേഖലയിൽ ദുരന്തം വിതച്ചത്. അപ്രതീക്ഷിത കടലാക്രമണത്തിൽ കോടികളുടെ നാശനഷ്ടമാണ് തീരദേശ മേഖലയിലുണ്ടായത്. കള്ളക്കടൽ പ്രതിഭാസം ഏതാനും ദിവസം നീണ്ടുനിൽക്കുമെന്നതിനാൽ തീരമേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.