പാര്‍ലമെന്‍റിനെ ബിജെപി റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റി ; ജനാധിപത്യത്തെ പാർട്ടി പരിഹസിക്കുന്നു : ശശി തരൂര്‍

Jaihind Webdesk
Sunday, August 8, 2021

ന്യൂഡല്‍ഹി: ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിച്ച് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന്  ശശി തരൂര്‍. രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്‍റെ പാര്‍ലമെന്‍റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്‍റ്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ്  മോദി സര്‍ക്കാരിനെതിരായ ശശി തരൂരിന്‍റെ രൂക്ഷവിമര്‍ശനം.

ഐ.ടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം അവസാനമായി ചേര്‍ന്നത് ജൂലായ് 28നാണ്. അന്ന് യോഗം ബിജെപി അലങ്കോലമാക്കി. പെഗസസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഉദ്യോഗസ്ഥര വിചാരണ ചെയ്യേണ്ടതില്ലെന്നുമായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. പാനല്‍ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് യോഗത്തില്‍ ഹാജരാകേണ്ടതില്ലെന്ന് ബിജെപി നിര്‍ദേശം നല്‍കിയിരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. അവസാന മിനിറ്റില്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ നിന്നും ഒഴിവായതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.