വ്യാജവാർത്ത ചമച്ചതിന് കൈരളി ചാനലിനെനെതിരെ തരൂരിന്‍റെ വക്കീൽ നോട്ടീസ്

Jaihind News Bureau
Thursday, July 9, 2020

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നിയമനത്തിനായി ശുപാര്‍ശ ചെയ്തുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതില്‍ കൈരളി ചാനലിനെതിരെ ശശി തരൂര്‍ എം.പി വക്കീല്‍ നോട്ടീസ് അയച്ചു.

വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്‌തു എന്ന നിലയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

2016 ഒക്ടോബറിൽ ആണ് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്.  ആ സമയത്ത് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തെ എം.പിയായിരുന്നു താൻ എന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.